Sunday, January 25, 2015


പണ്ടൊക്കെ ഇരുട്ടിനെ എന്ത് പേടിയായിരുന്നു..സന്ധ്യയായാല്‍ എങ്ങും ഇരുട്ട് തന്നെ..കിഴക്കേടത്ത് വീട്ടില്‍ വൈദ്യുതി എത്തിയിരുന്നു, എന്നിട്ടും ഒന്നോ രണ്ടോ മിന്നാമിനുങ്ങ് പോലെ കത്തുന്ന ബള്‍ബ്‌ന്‍റെ പ്രകാശം ഇരുട്ടിനെ നീക്കാന്‍ പോന്നതായിരുന്നില്ല. അറ വാതുക്കല്‍ കത്തിച്ചു വെച്ചിരുന്ന നിലവിളക്കില്‍ നിന്നും അതില്‍ കൂടുതല്‍ പ്രകാശം വരുന്നുണ്ടായിരുന്നു. രാത്രിയില്‍ കക്കൂസ്സില്‍ പോകേണ്ടി വന്നാല്‍ പിന്നെ പറയണ്ട....ദൂരെ കാട് പിടിച്ചു കിടക്കുന്നിടത്ത് ഓല കൊണ്ട് മറച്ച ആ കക്കൂസ് പകലുപോലും പേടി ഉണ്ടാക്കിയിരുന്നു.

                അമ്മൂമ്മ എന്തെങ്കിലും വെളിച്ചവുമായി കാവല്‍ നില്‍ക്കും. അമ്മൂമ്മക്കും കാവലായി പടിഞ്ഞാറെ തളത്തിന്റെ കതകു ചാരി ഗൌരി വല്യമ്മയും ഉണ്ടാവും. പാവം വല്ല്യംമക്ക് ഇരുട്ടത്ത്‌ ശരിക്കും കാഴ്ചയില്ല.. എന്നാലും വല്യമ്മ അവിടിരുന്നാല്‍ ഒരു ധൈര്യമാണ്. ആ വീട്ടിലെ ഏറ്റവും ഇരുട്ട് നിറഞ്ഞ മുറി പടിഞ്ഞാറെ തളത്തിനോട് ചേര്‍ന്നുള്ള പ്രസവ മുറി ആയിരുന്നു. നാല് വലിയ പടികള്‍ കവച്ചു വെച്ച് കയറി വേണം
, ഉയരത്തിലുള്ള ആ മുറിയില്‍ എത്താന്‍. പ്രസവം എളുപ്പമാക്കനയിരുന്നോ എന്ന് തോന്നും, ആ പടികള്‍..

          അഞ്ചു  തലമുറയിലെ സ്ത്രീകള്‍ തുരുതുര കുഞ്ഞുങ്ങളെ പ്രസവിച്ച ആ മുറി നിറയെ ഇരുട്ടായിരുന്നു. ആരുടെയെങ്കിലും പ്രസവം ആകുമ്പോള്‍ തേച്ചു കഴുകി ചാണകം തളിച്ച്
disinfect ചെയ്യും..വളരെ ഉയരമുള്ള ഒരു കട്ടില്‍ മാത്രമായിരുന്നു അവിടെയുള്ളത്, കട്ടിലിനോട് ചേര്‍ന്നുള്ള ഭിത്തിയില്‍ ഉയരത്തില്‍ ഒരു ചെറിയ ജനല്‍..പകല്‍ അല്പം മാത്രം പ്രകാശം ഉള്ളിലേക്ക് വരും. പ്രസവിക്കുന്ന സ്ത്രീയും അമ്മൂമ്മയും ഏലിയാമ്മ midwife ഉം അകത്തു കയറിയാല്‍ പടിഞ്ഞാറെ തളത്തില്‍ നിന്നുള്ള ആ ഘനമുള്ള വാതില്‍ ചേര്‍ത്തടച്ചു സാക്ഷ ഇടും..ഇനി ഒരു ശബ്ദവും പുറത്തേക്ക് വരില്ല.

           അടുക്കളയോട് ചേര്‍ന്നുള്ള ചെറിയ ഇടനാഴിയില്‍ നിന്നും ഒരു വാതില്‍ ഈ മുറിയിലെക്കുണ്ട്..പഴയ ക്ഷേതങ്ങളില്‍ പ്രവേശിക്കുമ്പോഴുള്ള ഉയരത്തിലുള്ള ഒരു പടി ഇവിടെയും ഉണ്ട്. കാലു കവച്ചു വെച്ച് അപ്പുറത്ത് കടക്കണം. ഇതിലൂടെയാണ് പാറുഅമ്മ ചൂട് വെള്ളവും പഴന്തുണിയുമൊക്കെ അകത്തു എത്തിച്ചിരുന്നത്. ഇന്നത്തെ തലമുറ
unhygienic എന്നും മറ്റും പറയാന്‍ സാധ്യതയുള്ള ആ മുറിയില്‍ എല്ലാം സുഖപ്രസവം ആയിരുന്നു..പ്രസവത്തോടെ ഒരു കുഞ്ഞോ അമ്മയോ മരിച്ചില്ല. അംഗവൈകല്യമുള്ള ഒരു കുഞ്ഞു പോലും അവിടെ ജനിച്ചില്ല. 

No comments:

Post a Comment