അദ്ധ്യാത്മരാമായണത്തില്‍
അവതാര പുരുഷനായി സാക്ഷാല്‍ ശ്രീ നാരായണന്‍ ജന്മമെടുക്കുന്നതായിട്ടാണ്
വിവരിച്ചിട്ടുള്ളത്. ഈ അവസരത്തിലാണ് കൌസല്യാസ്തുതി നാം കാണുന്നത്.
കൌസല്യയുടെ മഹത്വം ഭാരതത്തിലെ മാതൃസങ്കല്‍പ്പത്തിന്റെ മഹത്വമാണ്.
യാഗരക്ഷക്ക് വേണ്ടി ശ്രീരാമലക്ഷ്മണന്മാരെ തന്റെ ആശ്രമത്തിലേക്ക്
കൊണ്ട് പോകുന്ന വിശ്വാമിത്രമഹര്‍ഷി അതിരാവിലെ ശ്രീരാമനെ
വിളിച്ചുണര്‍ത്തുന്നത്
"കൌസല്യാ സുപ്രജാ രാമ" എന്ന പദങ്ങളില്‍ കൂടിയാണ്.
രാമനെപ്പോലെ ഒരു സുപ്രജയെ പ്രസവിച്ച അമ്മ തീര്‍ച്ചയായും ധന്യയാണ്
എന്ന് വിശ്വാമിത്ര മഹര്‍ഷി നമ്മളെ ഓര്‍മ്മിപ്പിക്കുകയാണോ ഈ സംബോധനയില്‍
കൂടി? രാമന്റെ സദ്ഗുണങ്ങളുടെ ഉറവിടം കൌസല്യയാണോ? അങ്ങനെയാണെങ്കില്‍ അതില്‍
അമ്മമാര്‍ക്ക് ഒരു സന്ദേശം ഒളിഞ്ഞു കിടക്കുന്നുണ്ട്. സുപ്രജകളെ
പ്രസവിച്ചെടുക്കലാണ് അമ്മയുടെ കര്‍ത്തവ്യം!
ധര്‍മ്മ സംരക്ഷകരായ
മക്കളെ പ്രസവിക്കുവാനുള്ള അര്‍ഹത അമ്മമാര്‍ നേടിയെടുക്കുന്നത് അവര്‍
അനുഷ്ടിക്കുന്ന തപസ്സിന്റെയും വൃതങ്ങളുടെയും ഫലമായാണ്.
ഒരു കുഞ്ഞിനെ ഗര്‍ഭത്തില്‍ ധരിച്ചു പ്രസവിചെടുത്തു സത്യധര്‍മ്മാദികളെ
പാലനം ചെയ്യുന്ന ഒരു പ്രജയായി വളര്‍ത്തിയെടുക്കുന്ന ദേവകാര്യമാണ് ഓരോ
സ്ത്രീക്കും ചെയ്യാനുള്ളത്.
സ്വാര്‍ഥതയെ ത്യജിച്ചു നിസ്വാര്‍ഥതയെ കൈവരിക്കുന്ന ഇതാണ് അവള്‍ക്കു ചെയ്യാനുള്ള മഹാത്യാഗം.
തന്റെ ആത്മാവും താന്‍ പ്രസവിച്ച കുഞ്ഞിന്റെ ആത്മാവും ഒന്നാണെന്ന്
ബോധിക്കുന്ന അമ്മ അദ്വൈത തത്വത്തിന്റെ ഏറ്റവും ദുര്‍ഗ്ഗമമായ പടി കയറി
കഴിഞ്ഞിരിക്കുന്നു. അവളില്‍ ഉദ്ഭൂതമായിരിക്കുന്ന സ്നേഹവാല്‍സല്യാദി
വികാരങ്ങളെ വികസിപ്പിച്ചു പന്തലിപ്പിച്ചു സകല ജീവരാശികളെയും അവള്‍ക്കതില്‍
ഉള്‍ക്കൊള്ളിക്കാന്‍ കഴിയും; ഏകാത്മഭാവത്തിന്റെ ആ ഔന്നത്യത്തില്‍
ഇരുപ്പുറപ്പിക്കാന്‍ കഴിഞ്ഞാല്‍ ആ മാതാവ് വിശ്വമാതാവായിത്തീരുന്നു.
കടപ്പാട്; ഭക്തപ്രിയ മാസിക